Sunday, May 1, 2011

സംഘടനയുടെ ലോകം.

തെരുവ്‌ നാടകം

(മൂന്ന്‍ പേര്‍ )

1. മാലോകരേ... ഞങ്ങള്‍ മാമാലനാടിന്റെ മനോഹരമണ്ണിന്റെ ഉള്‍ത്തുടി കണ്ടവര്‍ ....
2. ഞങ്ങള്‍ മലയാളനാടിന്റെ മാനസമണ്ണിന്റെ നൊമ്പരമറിഞ്ഞവര്‍ ...
3. ഞങ്ങള്‍ തരിശുഭൂമി കൊത്തിക്കിളര്‍ത്ത്‌ തളിര്‍ത്തവര്‍ ...

(കോറസ്) ഞങ്ങള്‍ വയനാട്‌ മണ്ണിന്റെ കരുത്താര്‍ന്ന മക്കള്‍ ... കാവല്‍ഭടന്മാര്‍ ..

1. അതുകൊണ്ടായില്ലല്ലോ .. കാവല്‍ നിന്നു കാല്‍ കുഴഞ്ഞത് മിച്ചം.
2. ശരിയാ.. ഈ ചിണ്ടനേയും ചിരുതയേയും നോക്കിയിട്ട് നമുക്കെന്ത് പ്രയോജനം.. ഛായ്!
3. കാവല്‍ നില്‍ക്കാന്‍ കാശ് വേണം. കാശില്ലെങ്കില്‍ കവാത്ത് മിച്ചം.

1. കാശ് മാത്രം പോരാ.. പേരും പെരുമയും വേണം. നാലാള്‍ വാഴ്ത്തണം.. റെയില്‍വേ സ്റ്റേഷനില്‍ കണ്ടാല്‍ പോലും തിരിച്ചറിയണം. പ്രസിഡന്ടാകണം..
2. അയ്യടാ.. കുട്ടന്റെയൊരു പൂതിയെ.. പ്രസിഡന്‍ഡാകണം പോല്‍ .. എടേയ്, ആദ്യം നാലണ കയ്യില്‍ വരുന്നതിനെപ്പറ്റി ചിന്തിക്ക്.. പിന്നെ പേരും, പെരുമയും..
3. അത് കറക്റ്റ്‌. നേരം കളയാതെ അത് ചിന്തിക്ക്, എങ്ങനെ നാല് ചില്ലറ ഒപ്പിക്കും.

(മൂന്ന്‍ പേരും ചിന്താമഗ്നനരാകുന്നു. ഓരോരുത്തരും എങ്ങനെ നാല് ചില്ലറ ഒപ്പിക്കും. എന്നുരുവിട്ട്കൊണ്ട് തെക്കോട്ടും വടക്കോട്ടും നടക്കുന്നു. പെട്ടെന്ന്‍..!)

1. പിടികിട്ടി, പിടികിട്ടി. ആ പഴയ കുറുക്കന്‍ തന്ത്രം. അതുതന്നെ പിരിവ്‌, പിരിവ്‌ തന്നെ പിരിവ്‌..
2. ഛെ, മണ്ടശിരോമണീ, അത് മനസ്സിലാക്കാന്‍ മാത്രം ആദിവാസികള്‍ക്കും ഇപ്പൊ ബുദ്ധിമുട്ടുണ്ട്. താന്‍ വേറെ വല്ലതും പറ..
3. തന്നെയുമല്ല അങ്ങു പിരിക്കാന്‍ ചെന്നേച്ചാ മതി. ആദിവാസികളുടെ പക്കല്‍ ഡോളറിരിക്കുവല്ലേ.. ഡോളര്‍ .. ഛെ ചുമ്മാ ആശ വെച്ചത് മിച്ചം.

1. എടാ കോത്താഴത്തുകാരാ.. അതിനു ആദിവാസികളെ ആരു പിരിക്കുന്നു.
2. പിന്നെ?
1. പിരിവ്‌ ആദിവാസികളുടെ പേരില്‍ മാത്രം. പിരിക്കാനല്ലേ ഇവിടെ കുറേ ഒഴിഞ്ഞ ചാക്കുകളിരിക്കുന്നു. പണച്ചാക്കുകള്‍ ..
2. ഇതാരപ്പാ.. ചാക്കുകള്‍ പണച്ചാക്കുകള്‍ ?

1. ഈരടി
മാനത്തിനു മുകളിലൂടെ ഊളിയിട്ടു പോയവര്‍ .. ഗള്‍ഫിനുള്ളില്‍ ജോലി ചെയ്ത് കീശ വീര്‍പ്പിച്ച്ചവര്‍ .
2. ഹായ്‌.. ഗള്‍ഫുകാരാ.. ഗള്‍ഫുകാരാ.. പൂത്ത പണം..കൊണ്ടേത്താടാ..
ഒരുനേരം കഞ്ഞി കുടിക്കാന്‍ വല്ലതും കൊണ്ടേ താടാ.. ആദിവാസിക്ക്‌ കൊടുക്കാനാ, സത്യം. അവരിപ്പോ പട്ടിനിയാണപ്പാ..
ഗള്‍ഫുകാരാ.. ഗള്‍ഫുകാരാ..

(പെട്ടെന്ന്‍ അവരുടെ ഇടയിലേക്ക്‌ ഒരു 'പഴയ മോഡല്‍ ' ഗള്‍ഫുകാരന്‍ ചാടിവരുന്നു. പൊങ്ങച്ചം പ്രകടമാണ്. സ്റ്റേജിനു ചുറ്റും തലപൊക്കി കറങ്ങി നടക്കുന്നു. മൂന്നുപേരും അന്തം വിട്ട് ഗള്‍ഫുകാരന് ചുറ്റും..)

1. (ഭവ്യതയോടെ) ആരാണാവോ?

(മിണ്ടുന്നില്ല)

2. എന്താണാവോ?

(മിണ്ടുന്നില്ല)

3. വല്ലതും തരണേ..

ഗള്‍ഫുകാരന്‍ പെട്ടെന്ന്‍ അട്ടഹസിച്ച് പോക്കറ്റില്‍ നിന്നും വാരി കൊടുക്കുന്നു.

'ഹ ഹ ഹ എണ്ണിനോക്കാന്‍ സമയമില്ല. തിരിച്ച് പോകണം പെട്ടെന്ന്‍.. ഇവിടെ തീരെ ഉറക്കം കിട്ടുന്നില്ല, എന്തൊരു കൊതുക്!

1. എവിടേക്കാണാവോ തിരിച്ചുപോക്ക്‌?

ഗള്‍ഫ്‌: (സിനിമാസ്റ്റൈലില്‍ ) ഹ ഹ ഹ ദുബായ്‌ എന്ന് കേട്ടിട്ടുണ്ടോ?

1, 2, 3: ഉവ്വ് സിനിമയിലുണ്ട് ദുബായ്‌..

ഗള്‍ഫ്‌: അത് വെറും തട്ടിപ്പല്ലേ? വെറും നമ്പര്‍ . ഒറിജിനല്‍ ദുബായ്‌ കണ്ടാല്‍ നിങ്ങളുടെ കണ്ണെല്ലാം കലങ്ങി. കുത്തിയൊലിച്ചുപോകും.. ആ..

(മൂന്ന്‍ പേരും, സ്വന്തം കണ്ണുകള്‍ തപ്പിനോക്കുന്നു.)

1. ആട്ടെ എന്താണാവോ ജോലി?

ഗള്‍ഫ്‌: ഹ ഹ ഹ.. ജോലിയോ? ഹ ഹ ഹ അര്‍ബാബുമാര്‍ സാധാരണ ജോലി ചെയ്യാറുണ്ടോ?

2. അര്‍ബാബോ? അതാരാണാവോ?

ഗള്‍ഫ്‌: അറിയില്ലേ? മുതലാളിയെ ഞങ്ങള്‍ സാധാരണ അങ്ങനെയാണ് വിളിക്കാറുള്ളത്.. ഹോ! എന്തൊരു ചൂട്‌ // ഒരല്‍പം ഈന്തപ്പഴം ജ്യൂസ് കിട്ടിയിരുന്നെങ്കില്‍ ..

(ഒരുത്തന്‍ കമഴ്ന്ന്‍ ഇരുന്ന് കസേരയാവുന്നു. ഗള്‍ഫുകാരന്‍ അതിനു മീതെ ഇരിക്കുന്നു. മറ്റവന്‍ വീശുന്നു. ഗള്‍ഫ്‌ ഒരു സ്പ്രേബോട്ടില്‍ എടുത്ത് അടിച്ചശേഷം ബാക്കി വലിച്ചെറിയുന്നു. റോത്ത്മാന്‍സ് ചുണ്ടില്‍ വെച്ച് ബാക്കി വലിച്ചെറിയുന്നു.)

ഗള്‍ഫ്‌: ആട്ടെ ഇവിടെ ഇപ്പോഴും പകല്‍ തന്നെയാണോ സൂര്യന്‍ ഉദിക്കാറുള്ളത്? എന്തൊരു ചൂടപ്പാ. ഇതെന്താ നിങ്ങളൊക്കെ ഇങ്ങനെ വാടിത്തളര്‍ന്ന്‍ വാഴക്കുല പോലെ ഓടിഞ്ഞിരിക്കുന്നത്?

1. ഒന്നും പറയണ്ട.. ഞങ്ങളൊക്കെ ഇവിടുത്തെ തടിയന്മാരാ.. (ദുഃഖം നടിച്ച്) നമ്മുടെ ചോര, ആദിവാസികളെ കണ്ടാല്‍ കരഞ്ഞു ചങ്ക് വാര്‍ത്ത് പോകും. രോഗം വന്നും, പട്ടിണി കിടന്നും ചത്ത്‌ ചത്ത്‌ തുലഞ്ഞു.. പാവങ്ങള്‍ (കരയുന്നു)

(രണ്ടുപേരും കൂടെ കരയുന്നു)

ഗള്‍ഫ്‌: എന്ത്? ഞങ്ങളവിടെ ഗള്‍ഫുനാടുകളില്‍ ജീവനോടെ ഇരിക്കുമ്പോള്‍ നമ്മുടെ പാവങ്ങള്‍ ചത്ത്‌ ചത്ത്‌ തുലയുകയാണെന്നോ? ഇതനുവദിച്ചുകൂടാ..

1, 2, 3: അനുവദിച്ചുകൂടാ..

ഗള്‍ഫ്‌: അതിനു ഞങ്ങള്‍ എന്തുചെയ്യണം?

1, 2, 3: കൈ അയച്ച് സംഭാവന ചെയ്യണം..

1: കാശ് വാരിയെറിയണം.
2: നോട്ടുകള്‍ അന്തരീക്ഷത്തില്‍ പറന്നു നടക്കണം.
3. നാണയങ്ങള്‍ താളം പിടിക്കണം.

ഗള്‍ഫ്‌: (നാടകീയമായി) നിര്‍ത്തൂ.. (ചെക്ക് ബുക്ക്‌ ഇതാ. അണ്‍ഡേറ്റഡ്. ഓപണ്‍ ചെക്ക് ലീഫ്‌. കൊണ്ടുപോയി സംരക്ഷിക്കൂ പാവങ്ങളെ.. (വലിച്ചെറിയുന്നു. മൂന്നുപേരും ആര്‍ത്തിയോടെ ചെക്ക്‌ ലീഫിനു പിടിവലിയായി മറിഞ്ഞു വീഴുന്നു.)

ഗള്‍ഫുകാരന്‍ (മൊബൈല്‍ കാള്‍ )
യെസ് യെസ്.. ഒഫ് കോഴ്സ്‌. ടുമോറോ മോണിംഗ് ഐ വില്‍ ബി ദേര്‍ (മൊബൈല്‍ ഓഫ് ചെയ്ത്)
ഓ മൈ ഗോഡ്‌! എയര്‍ ഇന്ത്യയുടെ ഓഫീസ്‌ അടച്ചുകാണുമോ? ടുമോറോ മോണിംഗ് ഐ ഷുഡ് ബി ദേര്‍ .. മൈ ഗോഡ്‌!!

(മൂവരും ചെക്ക് ലീഫിനു വേണ്ടി മത്സരിക്കുന്നു.)

ഓകെ ബ്രദേഴ്സ് .. സീ യൂ.. ബൈ ബൈ. (പോകുന്നു)

1. (ചെക്ക്‌ തട്ടിപ്പറിച്ച്) ദുഷ്ടന്മാര്‍ .. വിവരദോഷികള്‍ .. കീറാതെ കിട്ടിയത്‌ ഭാഗ്യം. എടാ ശപ്പന്മാരേ.. ഇതൊരു തുടക്കമാണ്. ഇതുപോലുള്ള മണ്ടന്മാര്‍ ഇനിയുമെത്രയോ കിടക്കുന്നു. ഇപ്പോഴേ ഇങ്ങനെ വഴക്ക് കൂടിയാല്‍ .. സംഗതി വട്ടപൂജ്യമാകും.

2. ഇതിനൊരു പരിഹാരം കണ്ടേ തീരൂ.. ആദ്യം ഒരു കമ്മറ്റി രൂപീകരിക്കണം.

3. എങ്കില്‍ പ്രസിഡന്റ് ഞാനാവും.. കട്ടായം.

1. അത് ചന്തയില്‍ പറഞ്ഞാല്‍ മതിയാകും. പ്രസിഡന്റ് ഞാനായി നാമനിര്‍ദേശം ചെയ്ത വിവരം സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. (കൈയ്യടി)

3. എങ്കില്‍ ട്രഷറര്‍ ഞാന്‍ തന്നെ. അത് വിട്ടു തരുന്ന പ്രശ്നം ഇല്ല.

1. എങ്കില്‍ നീ ട്രഷറര്‍ . ഇവന്‍ സെക്രട്ടറി കം ആക്ടിംഗ് പ്രസിഡന്‍റ്. കൈയ്യടിച്ചേ.. ഒന്ന് കൈയ്യടിച്ചേ.. (കൈയ്യടിച്ച് വിസിലടിച്ച് പാസ്സാക്കുന്നു.

(പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറും വരുന്നു)

1. വരൂ വരൂ.. നാളത്തെ പത്രത്തില്‍ വെണ്ടയ്ക്ക നിരത്തൂ.. വയനാടന്‍ പാവങ്ങളുടെ രക്ഷയ്ക്കായി ഒരു ധീരസംഘം. വയനാടന്‍ അസോസിയേഷന്‍ സിന്ദാബാദ്‌..

(രണ്ടുപേരും ഏറ്റുപിടിക്കുന്നു.)

സിന്ദാബാദ്‌ സിന്ദാബാദ്‌..

1. (പത്രക്കാരോട്) നില്ല് നില്ല് നില്ല്.. കാര്യങ്ങളുടെ ഗൌരവം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആദിവാസികളുടെ മൊത്തച്ചുമതല ഏറ്റെടുത്തുകൊണ്ട് അവരുടെ പുനരുജ്ജീവനത്തിനു വേണ്ടി.. ഞങ്ങള്‍ ഒരു മഹത്തായ പാര്‍ട്ടിക്ക്‌ രൂപം കൊടുത്തിരിക്കുന്നു. നാളെ ഇത് പുറംലോകം അറിയണം. ഒരു ഗ്രൂപ്പ്‌ ഫോട്ടോ മുന്‍ പേജില്‍ തന്നെ വെച്ച് വെണ്ടയ്ക്ക നിരത്തണം.

പത്രപ്രവര്‍ത്തകന്‍ : ഫോട്ടോ ഞാന്‍ എടുക്കാം.

(ഫോട്ടോ): പക്ഷെ എന്റെ പത്രപ്രവര്‍ത്തന അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു കാര്യം ഞാന്‍ ഉണര്‍ത്തുകയാണ്. ഒരു ഇഷ്യൂ ഉണ്ടാക്കി ഉത്ഘാടനം ചെയ്യുകയാണെങ്കില്‍ വിത്തുഗുണം പത്തുഗുണം.

1, 2, 3: എങ്ങനെ മനസ്സിലായില്ല.

പത്ര: ഛെ! എന്തൊരു വിവരദോഷം. ഇങ്ങനെ പോയാല്‍ നാളെ നിങ്ങള്‍ എങ്ങനെ തേര് തെളിക്കും? നിങ്ങള്‍ ജാനുവിനെ കണ്ടുപഠിക്ക്. പെണ്ണായാലെന്താ ഇഷ്യൂ ഉണ്ടാക്കുന്നതിനൊക്കെ എന്തൊരു ചങ്കൂറ്റം.

1. എന്നാലും പുതുമുഖങ്ങള്‍ എന്ന നിലയ്ക്ക് ഒരു ഐഡിയ?

പത്ര: ശരി. നമുക്കാലോചിക്കാം. എന്താണൊരു പോംവഴി.

(പലവഴിക്ക്‌ ആലോചന)

(വേദിയിലേക്ക് ഒരു മോഡേന്‍ ആദിവാസി കടന്നുവരുന്നു)

ആദിവാസി: (നാന്‍ ആണയിട്ടാല്‍ അത് നടന്തു വിട്ടാന്‍ എന്ന ഗാനം പാടി)

പത്ര: ഓ.. നീ ആണയിടല്ലേ.. നിങ്ങളുടെ വര്‍ഗ്ഗം മുഴുവന്‍ ഇപ്പോള്‍ ആണയിട്ടാണയിട്ട് രാജാക്കന്മാരായി. ഇനിയും ആണയിട്ടാല്‍ ദൈവങ്ങളായിപോകും.

ആദി: (ഭാഷ) ഇതാരപ്പാ പോട്ടം പിടിയനാ? നമ്മ ഒരു പോട്ടം പിടിക്കുഞ്ചളാ? രജനീകാന്തിന്റെ മോന്തപോലെ പേപ്പറില വരുത്തൂമാ?

പത്ര: ഇതാരപ്പാ ഈ സന്തതി? നല്ല കോലം.. നാളത്തെ പത്രത്തില്‍ ഒരു ക്ലോസപ്പ്‌ ഇരിക്കട്ടെ.

1. ഇവനാണ് മോഡേന്‍ ആദിവാസി. നാളത്തെ കാവല്‍ ഭടന്‍ .

പത്ര: അത് തരക്കേടില്ലല്ലോ? മോഡേന്‍ ആദിവാസി. ഒരു ഫീച്ചറിനുള്ള വകയുണ്ട്. ഒന്ന് നോക്കിയാലോ?

1, 2, 3: അത് കലക്കന്‍ . ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിക്കാം. നിങ്ങള്‍ എഴുതിക്കോ..

ആദി: എന്തോന്ന്?

2. കുടിവെള്ളം. കുടിവെള്ളക്ഷാമം.

ആദി: ഓ എട്ന്ന് തമ്പിരാനേ // ഇന്റു കാണുഞ്ച ചലം മൊത്തം കുടി തന്നെ. പിന്നെ ബെള്ളം. ബെളുക്കോളം ബെള്ളം തന്നെ അല്ലെ..?

3. ഓ എന്തൊരു മറുപടി. അപാര ജ്ഞാനം.

1. എടാ ചെറുക്കാ.. എന്തോന്നാടാ ഈ മിച്ചഭൂമി?

ആദി: ഓ അതോ? ഈ മിച്ചബൂമി.. മിച്ചബൂമി എന്റ് പറഞ്ചാ.. ചത്തു കഴിയുമ്പോള്‍ കിട്ടുന്ന ആറടി മണ്ണിനാ മിച്ചബൂമി എന്റ് പരയുഞ്ചെ..

3. ഹോ.. അപാരബുദ്ധി. പിന്നെ നീയൊക്കെ എന്നു നേരെയാവാനാടാ.. മോഡേന്‍ കാലമാടാ..

1. ഇവനോട് ചോദ്യങ്ങള്‍ ചോദിച്ചിട്ട് കാര്യമില്ല. കുറച്ച് ചരിത്രമാകാം. എടാ കൊച്ചുകള്ളാ.. ആരാടാ നിങ്ങളുടെ കുലദൈവം?

ആദി: എങ്കളുക്ക് പിന്നെ.. എം.ജി.ആര്‍ പാപ്പന്‍ , നാന്‍ ആണയിട്ടാ.. പിന്നെ നച്ചീര്‍ പാപ്പന്‍ ..

2. ഹോ ഒക്കെ കാണാപാഠമാ..

1. അപ്പോ കുലദേവതയോ?

ആദി: കുശ്ബു, രംഭ, സക്കീല, മുംതാസ് ഒക്കെ..

(ഡാന്‍സ്‌)

(ഡാന്‍സിനിടെ അപ്പന്‍ ആദിവാസി കരഞ്ഞുകൊണ്ട് ഓടിവരുന്നു)

അപ്പന്‍ : അയ്യാ അയ്യാ..എല്ലാം പോച്ച്, എല്ലാം പോച്ച്.

(മോഡേന്‍ ആദിവാസി തിരിഞ്ഞുനിന്ന് കെട്ടിപ്പിടിച്ച്) അപ്പാ.. എന്നാ ആച്ച്? എന്നാ ആച്ച്?

അപ്പന്‍ : എടാ കാലമാടാ.. നീ എന്നാടാ ചെയ്തത്? കൊലച്ചതിയാടാ.. കൊലച്ചതി.

മോഡേന്‍ : എന്ന അപ്പാ കൊലച്ചതി? രജനീകാന്തിന്റെ ചിലിമക്ക് നമുക്ക്‌ പോകാം.

അപ്പന്‍ : സാറമ്മാരേ.. വണക്കം. ഇത് നോക്കുമീ.. ഈ മൊട്ടന്‍ എന്നാ ചെയ്തത്? നോക്കുമീ..

പത്ര: (മൂന്ന്‍ പേരേയും പിടിച്ച് സ്വകാര്യം) ഇതുതന്നെ പറ്റിയ തക്കം. ഇതുതന്നെ ആകട്ടെ നമ്മുടെ ഓപനിംഗ് ഇഷ്യൂ.

1. (മുന്നോട്ട് വന്ന്) കവലപ്പെടാതെ, കവലപ്പെടാതെ.. എല്ലാത്തിനും ഞങ്ങളില്ലേ അഥവാ..

മൂവരും: വയനാടന്‍ അസ്സോസ്സിയേഷന്‍ സിന്ദാബാദ്‌ ..

1. പറയപ്പാ.. എന്നാ വിഷയം?

അപ്പന്‍ : ചോദിക്ക് .. ഈ കാലമാടനോട് ചോദിക്ക്. എന്നാടാ ഏന്നാടാ സെയ്തത്??

1. പറമോനേ.. ചക്കരക്കുട്ടനല്ലേ.. പറ.. എന്നാടാ സെയ്തത്?

മോഡേന്‍ : അതൊന്നും ഇല്ലണ്ണാ.. അപ്പന്‍ കാശ് ചോദിച്ചു കള്ളുകുടിക്കാന്‍ .. ഞാന്‍ എന്നാ സെയ്യും? ആയിരം ഉറുപ്യക്ക് കുടീം പറമ്പും അമ്പുമേസ്തിരിക്ക് വിറ്റ്‌..

അപ്പന്‍ : കണ്ടാ കണ്ടാ..അമ്പുമേസ്തിരി എന്റെ കുടി പൊളിക്കണ.. അപ്പ ഇനി എന്നാ സെയ്യും തമ്പിരാനെ?

1. ഇത് നീതി.

2, 3: കാട്ടുനീതി.

1: ഇത് ചതി.

2, 3: കൊടും ചതി.

1. കാര്യം ഞങ്ങള്‍ ഏറ്റു. സുഹൃത്തുക്കളേ തെറ്റ്‌ ചിന്നപ്പയ്യ൯റെ അല്ല. അമ്പുമേസ്തിരിയുടേതാണ്. ഇത്തരം അമ്പുമേസ്തിരിമാരെയാണ് നമുക്ക്‌ നേരിടേണ്ടത്. അവര്‍ ഈ നാടിന്റെ ചൂഷകരാണ്.

2, 3: അമ്പുമേസ്തിരിമാര്‍ മൂര്ധാബാദ്‌. അമ്പുമേസ്തിരിമാര്‍ മൂര്ധാബാദ്‌.

പത്ര: ഇതിനെ ഊതിവീര്‍പ്പിച്ച് വലുതാക്കുന്ന കാര്യം ഞാനേറ്റു. ആദ്യം ധര്‍ണ്ണ തന്നെ ആകട്ടെ. കൂടെ നിരാഹാരവും.

1. അത് കലക്കി. ഞാന്‍ അമ്പുമേസ്തിരിയെ വിസ്തരിച്ചിട്ടു വരാം. വൈസ്‌ പ്രസിഡന്റ് നിരാഹാരം നടത്തട്ടെ. ധര്‍ണ്ണയും.

2. ട്രഷറര്‍ നിരാഹാരം നടത്തട്ടെ. ഞാന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യാം.

3. അത് ചന്തയില്‍ പറഞ്ഞാ മതി. എനിക്ക് പറ്റില്ല നിരാഹാരം കിടക്കാന്‍ .

പത്ര: അയ്യോ.. നിങ്ങളിത്ര ബുദ്ധിശൂന്യരായാലോ? നിരാഹാരം കിടക്കാന്‍ അപ്പന്‍ ആദിവാസി തയ്യാറാണ്. അല്ലെങ്കിലും അതര്‍ഹിക്കുന്നത് അപ്പന്‍ ആദിവാസിയാണല്ലോ. നമ്മള്‍ ശക്തമായി പിന്താങ്ങണം. ആട്ടെ.. അപ്പനെയൊന്നു പിടിച്ചേ.. ഒരു ഫോട്ടോ കീച്ചട്ടെ.

(അപ്പന്‍ കുന്തം മിഴുങ്ങിയ മട്ടില്‍ കരയുന്നു. മൂന്നുപേരും മുദ്രാവാക്യം മുഴക്കി അപ്പനെ പിടിച്ചുകിടത്തുന്നു. മുദ്രാവാക്യം വിളി).

1. ഇവിടുത്തെ കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിക്കണം. ഞാന്‍ അമ്പുവിനെ വിസ്താരം നടത്തിവരാം.

(വയനാടന്‍ അസോസിയേഷന്‍ സിന്ദാബാദ്‌ എന്നുവിളിച്ച് ഒന്നാമന്‍ സ്ഥലം വിടുന്നു)

3. പ്രിയ നാട്ടുകാരേ.. അപ്പനാദിവാസിയെ ചൂഷണം ചെയ്ത അമ്പുമേസ്തിരിയെ നിലക്ക് നിറുത്തുക. അപ്പനാദിവാസിയുടെ ഭൂമിയും കുടിലും തിരിച്ച് നല്‍കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വമ്പിച്ച നിരാഹാരധര്‍ണ്ണ ഞാനിവിടെ ഉദ്ഘാടനം ചെയ്യുകയാണ്.

(കൈയ്യടി)

അപ്പനാദിവാസിയുടെ മരണത്തിന് മുന്‍പ്‌..
(അപ്പനാദിവാസി അയ്യോ എന്ന നിലവിളി)

അല്ല അങ്ങനെ സംഭവിച്ചുകൂടെന്നില്ലല്ലോ? അതിനു മുന്‍പ്‌ സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ ഈ ധര്‍ണ്ണ നിയമസഭാ മന്ദിരത്തിന്റെ മുന്നിലേക്ക്‌..

(പുറത്ത്‌ നിന്നും ഒരു പെണ്ണിന്റെ നിലവിളി)

അപ്പനാദിവാസി: ഏ അതെന്റെ മൊട്ടത്തി ചീരു താനെ എന്നാച്ച് നമ്മ മൊട്ടത്തിക്ക്?

(വീണ്ടും നിലവിളി)

ദൈവമേ.. മലദൈവങ്ങളെ.. ചീരൂ... ചീരൂ... (അപ്പനാദിവാസി എഴുന്നേറ്റ്‌ ഓടുന്നു)

പത്ര: കലക്കന്‍ .. നാളത്തെ എന്റെ എഡിഷന്‍ അപ്പനാദിവാസിയുടെ കളര്‍ സ്റ്റോറി കൊണ്ട് പൊതിയും.
അപ്പനാദിവാസിയുടെ നിരാഹാരവും നിലവിളിയും ആഹ.. ആഹാ.. നിരാഹാരവും നിലവിളിയും..

2. അലാറാതെടോ.. പത്രപ്രവര്‍ത്തകാ.. നിരാഹരി കടന്നു കളഞ്ഞു. ഞങ്ങളിനി എന്ത് ചെയ്യും?

(പുറത്തുനിന്നും അലര്‍ച്ചയും ബഹളവും)

3. എന്താണത്‌? ആരുടെയോക്കെയോ നിലവിളി.. എന്തെല്ലാമോ സംഭവിച്ചിട്ടുണ്ട്. വാ പോയി നോക്കാം.

പത്ര: അയ്യെടാ കോളടിച്ച മട്ടുണ്ട്. വാ..

(അപ്പനാദിവാസി ചോര വാര്‍ന്നൊലിക്കുന്ന കത്തിയുമായി)

അപ്പന്‍ : കൊന്നു.. ഞാന്‍ കൊന്നു. അവനെ അറഞ്ചറഞ്ചു കൊന്നു. അവനെ അറഞ്ചറഞ്ചു കൊന്നു. അവനെ അറഞ്ചറഞ്ചു കൊന്നു.

2. ആര് ആരെയാണ് കൊന്നത്?

അപ്പന്‍ : അവനെ നിങ്ങളുടെ നേതാവിനെ. ആ പിശാചും അമ്പുമെസ്തിരിയും കൂടി.. എന്റെ മൊട്ടത്തിയെ.. അവനെ ഞാന്‍ അറഞ്ചറഞ്ചു കൊന്നു.. അറഞ്ചറഞ്ചു കൊന്നു.

(രണ്ടാമനും മൂന്നാമനും വാലും ചുരുട്ടി ഓടുന്നു.)

(പത്രപ്രവര്‍ത്തകന്‍ അപ്പന്റെ ചുറ്റും നിന്ന് ഫോട്ടോ എടുക്കുന്നു) (പിന്നണിയില്‍ നിന്നും സംവിധായകന്‍ കടന്നു വരുന്നു.)

സംവി: ഇത് വയനാടിന്‍റെ വര്‍ത്തമാനചിത്രം. നിരക്ഷരരും നിരാലംബരും ആയ പാവം ജനതയെ ചൂഷണം ചെയ്യുന്ന ഭരണകൂടം.. അവരെ കയ്യിലേന്തി നടക്കുന്ന നാട്ടുനേതാക്കന്മാര്‍ .. എല്ലാത്തിനേയും വിറ്റ്‌ കാശാക്കുന്ന പച്ചയായ മീഡിയ. എന്നാണു സൂര്യനുദിക്കുക? നമുക്ക്‌ പ്രാര്‍ഥിക്കാം..

******



1 comment:

  1. ഇത് വയനാടിന്‍റെ വര്‍ത്തമാനചിത്രം. നിരക്ഷരരും നിരാലംബരും ആയ പാവം ജനതയെ ചൂഷണം ചെയ്യുന്ന ഭരണകൂടം.. അവരെ കയ്യിലേന്തി നടക്കുന്ന നാട്ടുനേതാക്കന്മാര്‍ .. എല്ലാത്തിനേയും വിറ്റ്‌ കാശാക്കുന്ന പച്ചയായ മീഡിയ. എന്നാണു സൂര്യനുദിക്കുക? നമുക്ക്‌ പ്രാര്‍ഥിക്കാം..

    ReplyDelete