Tuesday, August 24, 2010

നീലയും പച്ചയും

നീലയും പച്ചയും
വയനാടേ.......
നീയിന്നെന്റെ
ഓര്‍മ്മകളുടെ
ബലികുടീരം

എത്ര ഓടിയടുക്കാന്‍
ശ്രമിച്ചാലും
എന്തേ
നീയെന്നെ
ദൂരേയ്ക്ക് ദൂരേയ്ക്ക്....

മഞ്ഞുപാടങ്ങളും
പച്ചയാകാശവും
എന്റെ സ്വപ്നത്തിന്‍
നീലാകാശത്തെ
തൊടുമ്പോള്‍

വനാടേ....
നീയിന്നെന്റെ
ഓര്‍മ്മകളുടെ
ബലികുടീരം.

മുസ്സഫ

വയനാടിന്റെ പച്ച
ഓര്‍മകളില്‍ നുരയുമ്പോള്‍
മരുഭൂമിയുടെ
ചുടുകാറ്റ് എല്ലാനുരക്കുമിളകളേയും
പൊട്ടിച്ചുകളയുന്നു
ഞാനെന്നാണ്
എന്റെ ഫലസമൃദ്ധിയിലേയ്ക്ക്
വരിക, പെണ്‍കുട്ടി
ഞാനെന്നാണ്‌ കിനാവില്‍ നിന്നും
പുറത്തു കടക്കുക?
മുസ്സഫയിലെ തീക്കാറ്റില്‍ നിന്നും
അമ്പലവയലിന്റെ
സാന്ത്വനിപ്പിക്കുന്ന
കുളിര്‍ക്കാറ്റ്
എന്നാണ്‌
സ്വപ്നത്തെ മുറിച്ച് നീന്തുക?

Tuesday, August 17, 2010

പക്ഷേ

കറുപ്പിലെ സ്നേഹമാണു നീ പക്ഷേ,
ഓര്‍മ്മകളില്‍ വെണ്‍മുഖം
നിന്റെ കണ്ണുകളില്‍ വേദനയുടെ ചുവപ്പ്
നിന്നെ അറിയുന്നു ഞാന്‍
നിന്റെ ഏഴഴകിനെ കോര്‍ത്ത് ഞാന്‍ -
മാലയുണ്ടാക്കി.
എന്റെ നിഷ്കളങ്കതയാല്‍ ഞാന്‍ അത്
കൂട്ടുകാര്‍ക്ക് കൈമാറി
തിരിച്ചു വാങ്ങുമ്പോള്‍ പക്ഷേ,
ആ മാല അഴകില്ലാത്തതായിരുന്നു.
നീ പക്ഷേ കള്ളക്കണ്ണാല്‍ ചിരിച്ചു.
എത്ര ഉപേക്ഷിച്ചാലും നിന്നെ
ഞാന്‍ കൈവിടില്ല
നീ കറുപ്പാണെങ്കിലും ഹൃദയം വെളുപ്പ്
വെളുപ്പാണെങ്കിലും അവരുടെ ഹൃദയം
കരിപിടിച്ച കാപട്യം.

Saturday, August 14, 2010

തിരുവോണം

പൂക്കളെല്ലാം പറഞ്ഞു
ഇതു ഓണമാണ്
വിശാലമായ ഒരു ഹൃദയം പറഞ്ഞു
ഇത് ഓണം

വിലാപങ്ങള്‍ക്ക് വിടുതി
മഹാബലി നടന്നടുക്കുന്നു
ഓര്‍മ്മയിലൊരു മധുരക്കനി
ഓണമായ് നീട്ടുന്നു വീണ്ടും

ഞങ്ങളുടെ ചോറില്‍
സ്നേഹം പൂക്കളം പോലെ
മനുഷ്യരെല്ലാം ഒന്നാണെന്ന്
ഓണവാലന്‍ കിളി
മരക്കൊമ്പിലിരുന്ന് പാടി

കാറ്റെല്ലാം പറഞ്ഞു
ഇത് ഓണം
നിങ്ങളുടെ ഓരോരുത്തരുടേയും
തലമുടിയില്‍ തലോടി
ഞാനിതാ കാത്തിരിക്കുന്നു

ഓണത്തപ്പന്‍ ഒരു പൂ ചോദിച്ചു
ഒരായിരം പൂകൊണ്ട്
ഞങ്ങള്‍ സല്ക്കരിച്ചു.

പ്രിയപ്പെട്ട മഹാബലി
ഞങ്ങളുടെ തൊടികള്‍ പൂക്കുന്നത്
നിനക്കുവേണ്ടിയല്ലാതെ
മറ്റാര്‍ക്കുവേണ്ടി?

Friday, April 16, 2010

വയനാടന്‍ ചുരങ്ങള്‍

ഹരിതത്തില്‍ നിന്ന്
മണലാരണ്യത്തിലേക്ക്
എത്ര യാത്രകള്‍ ...........!,
ഓര്‍മ്മിക്കാന്‍ പൂന്തളിരുകള്‍
അനുഭവിക്കാന്‍
വിഷാദത്തിന്റെ
പൊടിക്കാറ്റുകള്‍ .
വീതിയേറിയ നിരത്ത്
ഇടുങ്ങിയ
വഴിയോരങ്ങളായി
അസ്തമിക്കുന്ന എന്റെ നാട്

എങ്കിലും,
ഞാന്‍ നിന്നെ
സ്നേഹിക്കുന്നു ഭാരതമേ
ഞാന്‍ മലയാളിയല്ല
ഇന്ത്യയുടെ സന്താനം മാത്രം
എന്റെ പച്ചയും
കാടും ചുരങ്ങളും
ഒരിക്കല്‍ തിരിച്ചു കിട്ടും
പൊടിക്കാറ്റ് അടങ്ങും
ഇന്ത്യ, ഒരു
ശുക്രനക്ഷത്രമാകും
ഒരമ്മയെപ്പോലെ
മാറ്റിവിളിക്കുമ്
വയനാടന്‍ ചുരങ്ങള്‍
മാടി വിളിക്കും.

Friday, April 9, 2010

രാത്രികാലം - ഷോര്‍ട്ട് ഫിലിം


താരാട്ടിന്റെ പശ്ചാത്തലം..
മൃദുലതയുടെ സ്നേഹസ്പര്‍ശം..
മാതാവിന്റെ പുണ്യസ്ഥാനം..
എന്നിട്ടും..
അവള്‍...
രാത്രിയെ പ്രണയിക്കുന്നത് എന്തുകൊണ്ട്?
ആട്ടിയോടിക്കപ്പെടുന്നത് എന്തുകൊണ്ട്??
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ മികച്ച ചിത്രം,മികച്ച സംവിധായകന്‍, മികച്ച നടി എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘രാത്രികാലം’ഇതാ ഇവിടെ..
പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന,വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’മാരുടെ ജീവിതമായിരുന്നു ഈ സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്.


ആശയം, സംവിധാനം: അയൂബ് കടല്‍മാട്.
ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വടുതല അബ്ദുല്‍ ഖാദര്‍. ആലാപനം: നൈസി സമീര്‍,
മാസ്റ്റര്‍ രാഹുല്‍ ജോണ്‍,അനന്തലക്ഷ്മി ഷറീഫ്, അമ്പിളി രവീന്ദ്രന്‍, ഷറഫ്,സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

എഡിറ്റിങ് : ആരോമല്‍,
ക്യാമറ : ഫൈന്‍ ആര്‍ട്സ് ജോണി,

അസ്സോസിയേറ്റ്: പി. എം. അബ്ദുല്‍ റഹിമാന്‍.

Saturday, March 27, 2010

കറിവേപ്പില

ബന്ധങ്ങള്‍ കറിവേപ്പിലയല്ല
ഒരിക്കല്‍ അടര്‍ത്തിമാറ്റിയാല്‍
ജന്മഗേഹം തന്നെ
നഷ്ടമായി
ഓരോ ഇതളും
ഉപയോഗിച്ച്
വലിച്ചെറിയാനാണെന്ന്
ഓരോ മര്‍ത്യനും
വിചാരിച്ചാല്‍
ചുറ്റും രോഗത്തിന്റേയും
വിദ്വേഷത്തിന്റേയും
ചെടികള്‍ മാത്രമാണു സഹോദരാ
ഈ ലോകം
നശിച്ച് പോകാതിരിക്കാന്‍
നിസ്വാര്‍ത്ഥതയുടെ ഉപ്പ്
അവശേഷിക്കേണ്ടിയിരിക്കുന്നു.

Friday, March 12, 2010

കോടമഞ്ഞ്

നീലക്കണ്ണാടിയിലെ
എന്റെ വയനാടന്‍ ആകാശം
സ്വപ്നങ്ങള്‍
മരിച്ച പച്ചകള്
പിന്നെയും പിന്നെയും
എന്തേ
നീ എന്നെ
വലിച്ചിഴക്കുന്നു
വയനാട്ടിലേക്ക്
കോടമഞ്ഞില്‍
നീന്തിനില്‍ക്കും
ശൂന്യമാം താഴ്വാരങ്ങള്‍
എന്റെ തന്നെ ശൂന്യതയല്ലോ
നീ വിരിച്ച
പച്ചപ്പട്ടില്‍ എവിടെയോ
എന്റെ
സ്വപ്നങ്ങള്‍
പൊരുന്ന ഇരുന്നില്ലല്ലോ
നീ
വെറുമാകാശം മാത്രമല്ല
മേഘങ്ങള്‍ നിറഞ്ഞ
ചുവപ്പന്‍ കാഴ്ചകളൂമാണല്ലോ.