Sunday, April 17, 2011

കാപ്പി

പാലിന്റെ പകലിലേക്ക്

രാത്രി കട്ടന്‍ കാപ്പിപോലെവന്നു

നവോന്മേഷത്തിന്റെ ചന്ദ്രശോഭ

മനസ്സിനകത്തു മാത്രം

ചുക്കും കുരുമുളകും ചേര്‍ത്ത്

നീയെത്തുമ്പോള്‍

അമ്മയെപ്പോലെ,

എന്നെത്തലോടുന്നു

കൂട്ടുകാര്‍തന്ന വഞ്ചനയുടെ ജലദോഷം

മാറിപ്പോകുന്നു

ഊതിയൂതി കാപികുടിക്കുമ്പോള്‍

ഒരമ്മ അരികിലിരിക്കുന്ന

ഗന്ധം, ഉണര്‍വ്വ്, സ്മരണ

പാലിന്റെ പകലിലേക്ക്

രാത്രി കട്ടന്‍ കാപ്പി പോലെ വന്നു

Tuesday, April 5, 2011

മുറി

നാലു ചുവരുകളുടെ നിശ്വാസം

ഇനി ഒരു ഓര്‍മ്മ മാത്രമാവുമോ?

സ്നേഹവും സാഹോദര്യവും

രുചിയോടെ നമ്മള്‍ കഴിച്ചു.

സ്നേഹം കൊണ്ട് കഴിച്ചപ്പോള്‍

നമ്മുടെ വിലകുറഞ്ഞപാത്രങ്ങള്‍

സ്വര്‍ണ്ണം പോലെ തിളങ്ങി


നിന്റെ മന്ദഹാസമ്

ഇരുട്ടില്‍ നിലാവുകൊണ്ട്

വഴികള്‍ തീര്‍ത്തു.

നിന്റെ അനുതാപത്തിന്റെ

നെടുനിശ്വസങ്ങള്‍

ദൈവം പോലെ

കൂട്ട് ഇരുന്നു.

എന്റെ ഏകാന്തതയ്ക്കും

വന്യതയ്ക്കും ....

ലബനാന്‍

ലബനാന്‍ റസ്റ്റോറന്റിന്റെ

പാചകക്കാരനെ

ഞാന്‍ കണ്ടു

അലിവാര്‍ന്നൊരു

ഗ്രാമീണ ഹൃദയമ്

അങ്ങാടിയില്‍ ഉയര്‍ന്നും

താണുമിരുന്ന ജീവിത രേഖകള്‍

അയാള്‍ ക്ഷണിച്ചു,

സുഹൃത്തേ വരൂ,

ഞാന്‍ നിങ്ങള്‍ക്ക്

ഒരു സംസ്കാരം വേവിച്ചു തരാം

ചുട്ടു തരാം

സ്നേഹം തരാം

ഉപ്പിട്ട മുളകിട്ട സ്നേഹം