Saturday, April 7, 2012

ഖമറുന്നീസ

ആകാശത്തുകൂടി 
ഒരു വിമാനം പായുമ്പോള്‍ 
ഖമറുന്നീസ നിന്നെ ഞാന്‍ ഓര്‍ക്കും
കാലത്തിന്റെ 
കനത്ത ഒച്ചയില്‍
ഞാന്‍ കണ്ണുകള്‍ തുറക്കും
പൊട്ടക്കുളത്തില്‍ 
പുളവന്‍ 
പണിയിന്ദ്രന്‍ എന്ന്
നീ കളിയാക്കും 
നമ്മള്‍ പെറുക്കിയ
നെല്ലിക്കയും ഉണ്ണിമാങ്ങയും
ഇപ്പോഴും അവിടെയുണ്ടോ?
കൈപറ്റ നെല്ലിക്കക്കും 
തുടര്‍ന്നുള്ള മധുരവെള്ളവും 
ഓര്‍മ്മയില്‍ ഊറ്റുന്നു.
മുതിര്‍ന്നവരുടെ 
വാക്കുപോലെ.

പ്രപഞ്ചവും പ്രബന്ധവും

കാലത്തിന്‍റെ
സ്വപ്നങ്ങളില്‍ 
നീ ഒരു
വസന്തമായ്‌ വന്നു.

മന്ദമാരുതന്‍ 
എന്നെ തലോടി
പനിനീര്‍ പൂവില്‍
നീ ഉറങ്ങി
ഹേമന്ദമായ്‌ 
നിന്‍റെ
കാല്‍പ്പെരുമാറ്റം
കേട്ടു.

ഈ ആകാശനീലിമ
എത്ര ചേതോഹരം
ഒരു മഞ്ഞുതുള്ളിയില്‍ 
ഒരു പ്രപഞ്ചം 
നിന്നെക്കുറിച്ച് 
ഞാനെഴുതും 
ഒരു പ്രബന്ധം....

Monday, August 8, 2011

ആ വികടകുമാരന്‍

സ്നേഹം കൊടുക്കുമ്പോള്‍
അളന്നില്ലല്ലോ നീ

ഇത്ര സൂക്ഷ്മത്തിലായിട്ടും
മുത്തുകള്‍ നീ
പന്നിക്കൂട്ടിലേക്കിട്ടു
ദൈവത്തിന്റെ
താക്കീതു പോലെയായിരുന്നു
ആ വക്രബുദ്ധിയിലെ
കള്ളത്തരങ്ങള്‍.

ആ കുറുക്കന്‍ കണ്ണുകള്‍
നീയെന്തേ കാണാതെ പോയി?
നിന്റെ വിശാലമായ കൈത്തലങ്ങളാല്
ഒരിക്കലും ആ മുക്കുപണ്ടം
പരൊശോധിക്കപ്പെടാത്തതെന്തേ?

പലതരം മുഖങ്ങളാല്‍ മൂടിയാല്‍
ജീവിതവിജയം കൊയ്യാനോങ്ങുന്ന
ആ വിചിത്ര ജന്തുവിനെ
ധൈര്യപൂര്‍വ്വം
നീ കൂടെയുറക്കി

പ്രാണന്‍ മോഷ്ടിക്കപ്പെടാതിരിക്കാന്
നിനക്കേതു മാലാഖയാണു കൂട്ടിരുന്നത്?

Friday, July 22, 2011

മോഹരശ്മി

വെളിച്ചം
വെളിച്ചത്തിനെന്ത് വെളിച്ചം
മഹാകവേ, നീ പാടി
*കാട്ടുതേന്‍ പോലെ സ്നേഹം
വിരഹഗീതമോതുമ്പോള്‍
വെളിച്ചത്തിനെന്തു വെളിച്ചം

അഹം
എന്നപദം
പിന്നെയെന്ന
മോഹം
ജീവിതം
ഒരു തീര്‍ത്ഥയാത്രയായതെന്താണ്
കരിയില പോലെ
കാറ്റില്‍ പാറിപ്പോകുമല്ലോ
മോഹങ്ങള്‍
ചിലപ്പോള്‍ മോഹഭംഗങളും, കവേ!

*(ഈ പ്രയോഗത്തിനു കമലാ സുരയ്യയോട് കടപ്പാട്)

മരുഭൂമിയിലെ പ്രാര്‍ത്ഥന

മരുഭൂയില്‍
നട്ട വൃക്ഷം പോലെ,
വെള്ളത്തിലെഴുതിയ
സ്നേഹഗീതം പോലെ,
ഒരു പാഴ്സൌഹൃദം

പച്ചക്കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന
കഴുതപ്പുലി പോലെ
അത് വേട്ടയാടാന്‍ വന്നു.

ഈന്തപ്പനയും
ഒട്ടകവും
കാറ്റുകൊള്ളുന്ന
സായാഹ്നം
മണല്‍ക്കാറ്റ്
ചീറിയടിക്കുന്ന
അസ്തിത്വം
പഴാവാതിരിക്കട്ടെ
വിഷക്കായ
തിനാതെ പോകട്ടെ.
പ്രാര്‍ത്ഥന മാത്രം...........