Tuesday, August 24, 2010

നീലയും പച്ചയും

നീലയും പച്ചയും
വയനാടേ.......
നീയിന്നെന്റെ
ഓര്‍മ്മകളുടെ
ബലികുടീരം

എത്ര ഓടിയടുക്കാന്‍
ശ്രമിച്ചാലും
എന്തേ
നീയെന്നെ
ദൂരേയ്ക്ക് ദൂരേയ്ക്ക്....

മഞ്ഞുപാടങ്ങളും
പച്ചയാകാശവും
എന്റെ സ്വപ്നത്തിന്‍
നീലാകാശത്തെ
തൊടുമ്പോള്‍

വനാടേ....
നീയിന്നെന്റെ
ഓര്‍മ്മകളുടെ
ബലികുടീരം.

മുസ്സഫ

വയനാടിന്റെ പച്ച
ഓര്‍മകളില്‍ നുരയുമ്പോള്‍
മരുഭൂമിയുടെ
ചുടുകാറ്റ് എല്ലാനുരക്കുമിളകളേയും
പൊട്ടിച്ചുകളയുന്നു
ഞാനെന്നാണ്
എന്റെ ഫലസമൃദ്ധിയിലേയ്ക്ക്
വരിക, പെണ്‍കുട്ടി
ഞാനെന്നാണ്‌ കിനാവില്‍ നിന്നും
പുറത്തു കടക്കുക?
മുസ്സഫയിലെ തീക്കാറ്റില്‍ നിന്നും
അമ്പലവയലിന്റെ
സാന്ത്വനിപ്പിക്കുന്ന
കുളിര്‍ക്കാറ്റ്
എന്നാണ്‌
സ്വപ്നത്തെ മുറിച്ച് നീന്തുക?

Tuesday, August 17, 2010

പക്ഷേ

കറുപ്പിലെ സ്നേഹമാണു നീ പക്ഷേ,
ഓര്‍മ്മകളില്‍ വെണ്‍മുഖം
നിന്റെ കണ്ണുകളില്‍ വേദനയുടെ ചുവപ്പ്
നിന്നെ അറിയുന്നു ഞാന്‍
നിന്റെ ഏഴഴകിനെ കോര്‍ത്ത് ഞാന്‍ -
മാലയുണ്ടാക്കി.
എന്റെ നിഷ്കളങ്കതയാല്‍ ഞാന്‍ അത്
കൂട്ടുകാര്‍ക്ക് കൈമാറി
തിരിച്ചു വാങ്ങുമ്പോള്‍ പക്ഷേ,
ആ മാല അഴകില്ലാത്തതായിരുന്നു.
നീ പക്ഷേ കള്ളക്കണ്ണാല്‍ ചിരിച്ചു.
എത്ര ഉപേക്ഷിച്ചാലും നിന്നെ
ഞാന്‍ കൈവിടില്ല
നീ കറുപ്പാണെങ്കിലും ഹൃദയം വെളുപ്പ്
വെളുപ്പാണെങ്കിലും അവരുടെ ഹൃദയം
കരിപിടിച്ച കാപട്യം.

Saturday, August 14, 2010

തിരുവോണം

പൂക്കളെല്ലാം പറഞ്ഞു
ഇതു ഓണമാണ്
വിശാലമായ ഒരു ഹൃദയം പറഞ്ഞു
ഇത് ഓണം

വിലാപങ്ങള്‍ക്ക് വിടുതി
മഹാബലി നടന്നടുക്കുന്നു
ഓര്‍മ്മയിലൊരു മധുരക്കനി
ഓണമായ് നീട്ടുന്നു വീണ്ടും

ഞങ്ങളുടെ ചോറില്‍
സ്നേഹം പൂക്കളം പോലെ
മനുഷ്യരെല്ലാം ഒന്നാണെന്ന്
ഓണവാലന്‍ കിളി
മരക്കൊമ്പിലിരുന്ന് പാടി

കാറ്റെല്ലാം പറഞ്ഞു
ഇത് ഓണം
നിങ്ങളുടെ ഓരോരുത്തരുടേയും
തലമുടിയില്‍ തലോടി
ഞാനിതാ കാത്തിരിക്കുന്നു

ഓണത്തപ്പന്‍ ഒരു പൂ ചോദിച്ചു
ഒരായിരം പൂകൊണ്ട്
ഞങ്ങള്‍ സല്ക്കരിച്ചു.

പ്രിയപ്പെട്ട മഹാബലി
ഞങ്ങളുടെ തൊടികള്‍ പൂക്കുന്നത്
നിനക്കുവേണ്ടിയല്ലാതെ
മറ്റാര്‍ക്കുവേണ്ടി?